
'നീലക്കണ്ണുകള്'-
ഭാരതീയഭാഷകളിലെ പ്രഥമ ഫോണ്‍നോവല്‍
രചന& അവതരണം : പി.ആര്. ഹരികുമാര്‍
നമ്മുടെ ജീവിതത്തിന്റെ അവിഭാജ്യഘടകമായി മാറിക്കഴിഞ്ഞ മൊബൈല്‍ ഫോണിലേക്കും സാഹിത്യം പ്രവേശിച്ചുകഴിഞ്ഞു എന്നതിന് തെളിവാണ് ഇതിനകം പലരാജ്യങ്ങളിലും പ്രചാരത്തില്‍ വന്നുകഴിഞ്ഞ ഫോണ്‍ നോവലുകള്‍ അഥവാ മൊബൈല്‍ ഫിക്ഷന്‍. സെല്‍ ഫോണില്‍ മാത്രം വായിക്കാന്‍ കഴിയുന്ന കല്പിതകഥകളെയാണ് ഫോണ്‍നോവല്‍ എന്നുപറയുന്നത്. ജപ്പാനിലെ യോഷി രചിച്ചതും 2004 മാര്‍ച്ചില്‍ ടെക്സ്റ്റ് മെസ്സേജുകളായി മൊബൈല്‍ ഉപഭോക്താക്കള്‍ക്ക് ലഭിച്ചതുമായ ഡീപ് ലൌവ് (Deep Love ) ആണ് ലോകത്തിലെ ആദ്യ ഫോണ്‍നോവല്‍. തുടര്‍ന്ന് ചൈനയിലും കൊറിയയിലും സ്വിറ്റസര്‍ലണ്ടിലും ഫോണ്‍നോവലുകള്‍ ഉടലെടുക്കുകയുണ്ടായി. അമേരിക്കയില്‍ ക്ളാസ്സിക് കൃതികള്‍ സെല്‍ഫോണ്‍ ബുക്കുകളായാണ് ഇപ്പോള്‍ ഉപഭോക്താക്കളെ അന്വേഷിക്കുന്നത്. എസ്.എം.എസ്സ്, ഇ-മെയില്‍, ജാവാ ആപ്ളിക്കേഷന്‍ എന്നീ മാര്‍ഗങ്ങളിലൂടെയാണ് മുഖ്യമായും ഇപ്പോള്‍ ഫോണ്‍നോവലുകള്‍ രൂപമെടുത്തുകൊണ്ടിരിക്കുന്നത്.
ഭാരതീയഭാഷകളില്‍ ഒരു പുസ്തകം ആദ്യമായി മൊബൈലില്‍ അവതരിപ്പിക്കപ്പടുന്നത് കഴിഞ്ഞ ജൂലായ് 16-ന് എഴുത്തച്ഛന്റെ അദ്ധ്യാത്മരാമായണത്തിന്റെ മൊബൈല്‍ എഡിഷന് ഞാന്‍ തയ്യാറാക്കിയപ്പോഴാണ്. കേരളത്തിലും പുറത്തും ഏറെ മാദ്ധ്യമശ്രദ്ധ നേടിയെടുക്കാന്‍ അതിന് കഴിഞ്ഞു. അദ്ധ്യാത്മരാമായണത്തിലെ ആറുകാണ്ഡങ്ങളും കൂടി 340KB വരുന്ന ഒരു ജാവാ ഫയലില്‍ ഉള്‍ക്കൊള്ളിച്ച് മൊബൈല്‍ സ്ക്രീനില്‍ വായിക്കാന്‍ എനിക്ക് കഴിഞ്ഞു. തുടര്‍ന്ന് തമിഴിലെ തിരുക്കുറളും ഇതേമാതിരി മൊബൈലില്‍ കൊണ്ടുവരാന്‍ സാധിച്ചു. 110KB മാത്രം വലിപ്പമുള്ള ഈ ഫയലില്‍ തിരുക്കുറളിലെ മുഴുവന്‍ കുറളുകളും ഒരാള്‍ക്ക് വായിക്കാം. കൂടാതെ കന്നടയിലും തെലുങ്കിലും ഓരോ കൃതി മൊബൈല്‍ എഡിഷനായി പുറത്തിറക്കാനുള്ള ശ്രമങ്ങള്‍ ഇപ്പോള്‍ നടന്നുവരുന്നു.ഇപ്പോഴും ശബ്ദകേന്ദ്രിതമായി മാത്രം മൊബൈല്‍ ഉപഭോഗം നടക്കുന്ന നമ്മുടെ നാട്ടില്‍ ഡാറ്റാകേന്ദ്രിതമായി മൊബൈല്‍ ഉപയോഗിക്കാനുള്ള പ്രേരണ സൃഷ്ടിക്കാന്‍ ഇത്തരം ശ്രമങ്ങള്‍ സഹായിക്കുമെന്ന് ഞാന്‍ കരുതുന്നു. മൊബൈല്‍ഫോണിന്റെ ഇനിയുള്ള വികാസം ഈ ദിശയിലായിരിക്കുമെന്നും എനിക്ക് തോന്നുന്നു.
1980-മുതല്‍ കഥകളും കവിതകളും നിരൂപണങ്ങളും എഴുതിവരുന്ന എനിക്ക് സ്വന്തമായൊരു കൃതി മൊബൈലില്‍ അവതരിപ്പിക്കണമെന്ന് തോന്നിയതിന്റെ ഫലമാണ് 'നീലക്കണ്ണുകള്' എന്ന ഈ ഫോണ്‍നോവല്‍.
ജീവിതവൈഷമ്യങ്ങളില്‍പെട്ട് അപഥസഞ്ചാരത്തിന് നിര്‍ബന്ധിതയാകുന്ന ഒരദ്ധ്യാപികയുടെ മാനസികസംഘര്‍ഷമാണ് ആറ് അദ്ധ്യായങ്ങളിലായി ഈ ചെറുനോവലില്‍ പ്രതിപാദിക്കപ്പെടുന്നത്. കമ്പ്യൂട്ടറില്‍ എഴുതിയ നോവല്‍, റീഡ്മാനിയാക്ക് എന്ന ബുക്ക് റീഡറില്‍ വായിക്കാവുന്ന തരത്തില്‍ മലയാളം ഫോണ്ട് കൂട്ടിച്ചേര്‍ത്ത് 70KB വലിപ്പമുള്ള ഒരു ജാവാ ആപ്ളിക്കേഷന്‍ ഫയലാക്കി മാററിയിരിക്കുന്നു. ജാവാസന്നദ്ധമായ ഏത് മൊബൈലിലും മലയാളത്തില്‍ വായിക്കാനും സൂക്ഷിച്ചുവയ്ക്കാനും കഴിയും എന്നതാണ് ഇതിന്റെ സൌകര്യം. പ്രത്യേകിച്ചൊരു പ്രോഗ്രാമോ ഫോണ്ടോ ഇതിനുവേണ്ടി മൊബൈലില്‍ കൂട്ടിച്ചേര്‍ക്കേണ്ടതില്ല.
മലയാളത്തിലെന്നല്ല, ഭാരതീയഭാഷകളില്‍ത്തന്നെ ഇതാദ്യമായാണ് ഒരു നോവല്‍ മൊബൈലില്‍ വായിക്കാനായി പൊതുജനത്തിന് ലഭ്യമാകുന്നത്. ഇ-മെയില്‍ വഴിയോ നെറ്റില്‍ നിന്ന് ഡൌണ്‍ലോഡ് ചെയ്യാവുന്ന വിധത്തിലോ GPRS നെറ്റ് വര്‍ക്ക് വഴിയോ ഇത് ഉപഭോക്താക്കള്‍ക്ക് എത്തിക്കാനാവും. കേരളപ്പിറവിയുടെ സുവര്‍ണ്ണജൂബിലി ആഘോഷിക്കുന്ന ഈ സന്ദര്‍ഭത്തില്‍ മൊബൈല്‍ സ്ക്രീനില്‍ മലയാളത്തിന്റെ സാന്നിദ്ധ്യം ഉറപ്പിക്കുന്ന ഈ അവതരണം നടത്താനായതില്‍ മലയാളം അദ്ധ്യാപകനായ എനിക്ക് സന്തോഷമുണ്ട്.
ഈ ഫോണ്‍ നോവല്‍ ഇപ്പോള്‍ എന്റെ വെബ് സൈറ്റില്‍ നിന്നും നിങ്ങള്‍ക്ക് സൌജന്യമായി ഡൌണ്‍ലോഡ് ചെയ്യാം.
പകര്‍പ്പവകാശനിയമം ബാധകമാകാത്ത മലയാളസാഹിത്യകൃതികളുടെ മൊബൈല്‍ പതിപ്പുകള്‍ തയ്യാറാക്കി ലോകമെങ്ങുമുള്ള മലയാളികള്‍ക്ക് ഇന്റര്‍നെറ്റിലൂടെ വിതരണം ചെയ്യാന്‍ ഞാന്‍ ഉദ്ദേശിക്കുന്നു. എഴുത്തച്ഛനേയും കുമാരനാശാനെയും വള്ളത്തോളിനേയും ചങ്ങമ്പുഴയേയുമൊക്കെ ഈ വിധത്തില്‍ പുതിയ തലമുറയിലേക്ക് എത്തിക്കാനാവുമെന്ന് കരുതുന്നു. ആവശ്യക്കാരുണ്ടെങ്കില്‍ തമിഴ്, കന്നട, തെലുങ്ക് തുടങ്ങിയ ഭാഷകളിലും ഇത്തരം ശ്രമങ്ങള്‍ നടത്തണമെന്ന് വിചാരിക്കുന്നു. മൊബൈല്‍ ഫോണിനെ ശബ്ദമാത്രകേന്ദ്രിതമായ ഇന്നത്തെ നിലയില്‍ നിന്ന് ഉയര്‍ത്തി ഭാരതീയന്റെ പ്രധാനപ്പെട്ടൊരു സാംസ്ക്കാരികവാഹനമാക്കി മാറ്റുക എന്ന ലക്ഷ്യമാണ് ഇപ്പോള്‍ എന്നെ നയിക്കുന്നത്. ()